ഡല്‍ഹി: ഭീകരാക്രമണം നടന്ന പത്താന്‍കോട്ടില്‍ നിന്നും നിന്ന് പോയ ടാക്‌സി കാറിന്റെ ഡ്രൈവറെ ഹിമാചല്‍ പ്രദേശില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാര്‍ കണ്ടെത്താനായിട്ടില്ല. ഇതേതുടര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഹിമാചല്‍ പ്രദേശിലെ കംഗയിലാണ് ഡ്രൈവര്‍ വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു പേരാണ് പത്താന്‍കോട്ടില്‍ നിന്നും ടാക്‌സി കാര്‍ വിളിച്ചത്. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഡല്‍ഹി പൊലിസ് പുറത്തുവിട്ടു.
റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഇന്ന് ബെംഗളൂരുവില്‍ ഐ.എസ് ബന്ധം ആരോപിച്ച് ആറുപേരെ കസ്റ്റഡിയിലെടുത്തു. എന്‍.ഐ.എയുടേയും കര്‍ണാടക പൊലീസിന്റെയും സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഇന്തോ ടിബറ്റന്‍ പൊലീസ് ഐ.ജിയുടെ ഔദ്യോഗിക കാര്‍ മോഷണം പോയിരുന്നു. ഡല്‍ഹിക്ക് സമീപം നോയിഡയില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ മുതിര്‍ന്ന പൊലീസ് ഓഫീസറുടെ നീല ബീക്കണ്‍ ലൈറ്റുള്ള കാര്‍ മോഷ്ടിക്കപ്പെട്ടത്. ഐ.ടി.ബി.പി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആനന്ദ് സ്വരൂപിന്റെ സി.എച്ച്01 ജി.എ 2915 നമ്പറുള്ള ടാറ്റ സഫാരിയാണ് വസതിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്.
Discussion about this post