ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന ഒരു ദിവസമാണ് ഒരു വ്യക്തിയുടെ വിവാഹ ദിവസം. ആ ദിവസം ഏറ്റവും മനോഹരമാക്കാൻ തങ്ങളേക്കൊണ്ട് കഴിയും വിധം ശ്രമിക്കുന്നവരാണ് എല്ലാവരും. ഡെസ്റ്റിനേഷൻ വിവാഹങ്ങളാണ് പലരും ഇതിനായി തിരഞ്ഞെടുക്കുന്നത്. അത്തരത്തിലൊരു ലളിതവും ആരെയും ഞെട്ടിപ്പിക്കുന്നതുമായ വിവാഹമായിരുന്നു ഇന്ത്യൻ ശതകോടീശ്വരൻ അങ്കുർ ജെയിന്റേത്.
മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരം എറിക ഹാമണ്ടിനെയാണ് അങ്കുർ ജീവിതപങ്കാളിയാക്കിയത്. ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകളുടെയും ഗിസയിലെ ഗ്രേറ്റ് സ്ഫിങ്കിന്റെയും പശ്ചാത്തലത്തിൽ നടന്ന വിവാഹം ഏവരെയും ആകർഷിക്കുന്നതായിരുന്നു.
അങ്കുറിന്റെയും എറിക്കയുടെയും കുടുംബവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വ്യത്യസ്തമായ ഒരഒു സ്ഥലത്ത് വച്ച് വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. പുതിയ ജീവിതത്തിന്റെ തുടക്കത്തിന് ഈജിപ്ത് യോജിച്ച സ്ഥലമായിരുന്നു. അതുകൊണ്ടാണ് ഇവിടെ വച്ചുതന്നെ വിവാഹം നടത്തിയതെന്നും വിവാഹശേഷം അങ്കുർ പ്രതികരിച്ചു. സാമ്പ്രദായികമായ ചടങ്ങുകളൊന്നും വിവാഹത്തിന് ഉണ്ടായിരുന്നില്ല. ബ്രൈഡൽ പാർട്ടിയോ വെഡിംഗ് കോക്കോ ഒന്നും ഉണ്ടായിരുന്നില്ല. വിവാഹ വേദി പൂക്കൾ കൊണ്ട് അലങ്കരിക്കുന്ന രീതിയും ഒഴിവാക്കിയിരുന്നു.
അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. പ്രൈവറ്റ് ജെറ്റിലാണ് അതിഥികളെല്ലാം എത്തിയത്. പുലർച്ചെ അഞ്ച് മണിക്കാണ് ചടങ്ങുകൾ അവസാനിച്ചത്. വിഭവ സമൃദമായ അത്താഴവും ഒരുക്കിയിരുന്നു.
ഗോൾഡൻ, സിൽവർ നിറങ്ങൾ ചേർന്ന ലെഹങ്കയായിരുന്നു വധു ധരിച്ചത്. ഇന്ത്യന ഡിസൈനർ രാഹുൽ മിസ്രയാണ് വസ്ത്രം ഒരുക്കിയത്. പക്ഷിയുടെ ചിറകുകൾ പോലെ മനോഹരമായിരുന്നു ഗോൾഡൻ നിറത്തിലുള്ള ഡിസൈൻ നിറഞ്ഞ ഗൗണിന്റെ ട്രെയ്ൻ.








