തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി രണ്ട് ജില്ലകളിൽ മഴ. കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാദ്ധ്യത. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലകളിൽ ഒന്നാണ് കൊല്ലം. മഴ ലഭിക്കുന്നത് ജില്ലയിലെ ചൂടിൽ നേരിയ കുറവ് ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, തൃശ്ശൂർ, കൊല്ലം എന്നീ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. 41 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് നിലവിൽ പാലക്കാട്ടെ താപനില. ഇതേ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ കളക്ടർക്ക് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. പകൽ നേരങ്ങളിൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.












