കോട്ടയം : ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വൈക്കം കായലോര ബീച്ചിൽ വച്ചാണ് സംഭവം നടന്നത്. തലയോലപ്പറമ്പ് തലപ്പാറ സ്വദേശിയായ ഷമീർ എന്ന 35 വയസ്സുകാരനാണ് മരിച്ചത്. വൈക്കം ബീച്ചിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന് ഇടയിൽ ആയിരുന്നു സംഭവം നടന്നത്.
ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഷമീറിനെ ഉടൻതന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കനത്ത ചൂടിന്റെ പ്രത്യാഘാതമായി കുഴഞ്ഞുവീണത് ആയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. യുവാവിന് എന്തെങ്കിലും അസുഖങ്ങൾ മുൻപ് ഉണ്ടായിരുന്നോ എന്നുള്ള കാര്യവും വ്യക്തമല്ല.
ബുധനാഴ്ച വൈകിട്ട് ആയിരുന്നു ഷമീറും സുഹൃത്തുക്കളും വൈക്കം ബീച്ചിലെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനായി എത്തിയിരുന്നത്. ചൂടിന്റെ പ്രത്യാഘാതമായി തന്നെയാണോ കുഴഞ്ഞുവീണത് എന്നുള്ള കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ പറയാനാകൂ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.








