ഡല്‍ഹി: വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന്റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന് നേരത്തെ വ്യക്തമാക്കിയിരുന്നു.
2015 ഡിസംബര്‍ 10നാണ് സല്‍മാന്റെ ശിക്ഷ റദ്ദാക്കി കൊണ്ട് ബോംബെ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതിയുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായിയെന്നും മൊഴി വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി നടപടി.
2002ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് സല്മാന് ഖാന് കാറോടിച്ചുവെന്നും അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കന്‍ ബേക്കറിയുടെ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് കേസ്. അപകടത്തില്‍ ബേക്കറി വരാന്തയില്‍ കിടന്ന ഒരാള്‍ മരിയ്ക്കുകയും മറ്റ് നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post