കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ സെറ്റിൽ വച്ച് പീഡനത്തിനിരയായതായി യുവനടി. സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് പരാതി. ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളും പകർത്തിയെന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈദരാബാദ് പോലീസ് ഓച്ചിറയിൽ എത്തിയെങ്കിലും സിപിഎം നേതാവ് ഇടപെട്ട് മൻസൂറിനെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.
ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റിൽ മയക്കുമരുന്ന് കലർത്തിയ പാനീയവും ചോക്ലേറ്റും നൽകി മയക്കിയാണ് ബലാത്സംഗത്തിനിരയാക്കിയത്. ഏഴ് മണിക്കൂറിന് ശേഷം ബോധം വന്നപ്പോഴാണ് ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് വ്യക്തമായത്. പിന്നാലെ റഷീദ് മലയാളി കൂടിയായ നടിയ്ക്ക് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു. ഭയപ്പെട്ട് സംഭവം ആരോടും പറഞ്ഞിരുന്നില്ല. ആറര ലക്ഷം രൂപയാണ് സഹസംവിധായകനെന്ന് പറഞ്ഞ ഇയാൾ നടിയിൽ നിന്ന് തട്ടിയത്. ഭീഷണി കൂടിയതോടെ യുവതി കുടുംബത്തെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്ത തെലങ്കാന പോലീസ് ഇയാളെ പിടികൂടാനായി കേരളത്തിലെത്തിയെങ്കിലും സിപിഎം പാർട്ടി ലോക്കൽ സെക്രട്ടറി ഓച്ചിറ കുഞ്ഞി ചന്തു പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
Discussion about this post