തിരുവനന്തപുരം: മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് മാദ്ധ്യമ ശിൽപ്പശാല സംഘടിപ്പിച്ച് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പി ഐ ബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ (റീജിയണൽ) വി. പളനിച്ചാമി ഐ ഐ എസ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. . പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ നിയമങ്ങളുടെ പ്രയോജനവും ഉപയോഗവും സാദ്ധ്യതയും തിരിച്ചറിഞ്ഞ് ഇത് ജനങ്ങളിലെത്തിക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കണം. പൊതുജനങ്ങളെ ബോധവാന്മാരെ ആക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകർക്കായി ക്ലാസും ഉണ്ടായിരുന്നു. കേരള പോലീസ് ഡിവൈ എസ് പിമാരായ ദിനിൽ ജെ കെ, ഡി കെ പൃഥ്വിരാജ് എന്നിവരാണ് ക്ലാസ് എടുത്തത്.
പുതിയ ക്രിമിനൽ നിയമങ്ങളുടെ കേന്ദ്രം ‘ശിക്ഷ’യല്ല, ‘നീതി’ ആണെന്ന് ക്ലാസുകൾ നയിച്ച ഡിവൈ എസ് പിമാരായ ദിനിൽ ജെ കെ, ഡി കെ പൃഥ്വിരാജ് എന്നിവർ ചൂണ്ടിക്കാട്ടി. ക്ലാസുകൾക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും ഇവർ മറുപടി നൽകി.
സമകാലിക വെല്ലുവിളികളെ സമഗ്രമായി അഭിസംബോധന ചെയ്ത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത -2023, ഭാരതീയ ന്യായ സംഹിത -2023, ഭാരതീയ സാക്ഷ്യ അധിനിയം -2023 എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെന്റ് പാസ്സാക്കിയത്. പരിപാടിയിൽ പി ഐ ബി ഡെപ്യൂട്ടി ഡയറക്ടർ നവീൻ ശ്രീജിത്ത് സ്വാഗതവും പി ഐ ബി ഇൻഫർമേഷൻ അസിസ്റ്റന്റ് നിഖിത എ എസ് കൃതജ്ഞതയും പറഞ്ഞു.
Discussion about this post