കോഴിക്കോട് : കോഴിക്കോട് തെരുവ്നായ ശല്യം രൂക്ഷമാകുന്നു. വ്യാഴാഴ്ച മാത്രം രണ്ടു പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുള്ളത്. കോഴിക്കോട് നാദാപുരത്ത് ആണ് വ്യാഴാഴ്ച തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ നാദാപുരം കനാൽ പാലം റോഡിൽ വച്ചാണ് തെരുവ് നായ വയോധികരായ രണ്ട് സ്ത്രീകളെ ആക്രമിച്ചത്. ആയിഷു, നാരായണി എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ആയിഷുവിന്റെ രണ്ടു കൈകളിലും മുഖത്തും നായ കടിച്ചു പരിക്കേൽപ്പിച്ചു. നാരായണിയുടെ കാലിലും നായ കടിച്ചു.
ഇരുവരെയും ഒരേ നായ തന്നെയാണ് ആക്രമിച്ചത് എന്നാണ് വിവരം. പരിക്കേറ്റ ഉടൻ തന്നെ ഇതുവരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഈ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി പേരെ ആക്രമിച്ചിട്ടുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
Discussion about this post