എസിയില്ലാത്ത രാത്രിയും പകലും കഴിച്ചു കൂട്ടാൻ കഴിയാത്തവരായി മാറിയിരിക്കുന്നു നമ്മൾ. ഇതിന് കാരണം ഇക്കുറി അനുഭവപ്പെടുന്ന കൊടും ചൂടാണ്. ഇടയ്ക്ക് വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ ചൂട് ശമിപ്പിക്കുന്നില്ല. അൽപ്പമൊരു സമാധാനത്തിനായി നമുക്ക് എസിയ്ക്ക് താഴെ തന്നെ ശരണം പ്രാപിക്കേണ്ടിവരും. എന്നാൽ കറണ്ട് ബില്ല് കാണുമ്പോൾ ഈ സമാധാനം പോകും എന്നതാണ് വാസ്തവം.
വേനൽ കാലം ആരംഭിച്ചപ്പോൾ മുതൽ തന്നെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് കാരണം രാവും പകലും എസിയോ ഫാനോ ഓൺ ആയി ഇരിക്കുന്നു എന്നതാണ്. എസി ഉപഭോക്താക്കൾക്കാണ് വൈദ്യുതി ബില്ല് ഇരട്ടി പ്രഹരം ആകുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ബില്ല് നമുക്ക് അൽപ്പമൊന്ന് കുറയ്ക്കാം.
മുറിയ്ക്ക് അനുയോജ്യമായ എസി വാങ്ങുക എന്നതാണ് ഇതിൽ പ്രധാനം. മുറിയുടെ വലിപ്പം അനുസരിച്ച് വേണം എസി തിരഞ്ഞെടുക്കാൻ. മുറിയ്ക്കുള്ളിലേക്ക് വായു എത്തുന്നില്ല എന്നത് ഉറപ്പാക്കണം. ജനലുകൾ, വാതിലുകൾ, എയർ ഹോളുകൾ എന്നിവ വായു അകത്തേക്ക് ഒട്ടും കടക്കാത്ത തരത്തിൽ അടയ്ക്കുക. എസി മുറിയിൽ ഫിലമെന്റ് ബൾബ് ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇത്തരം ബൾബുകൾ മുറിയ്ക്കുള്ളിലെ ചൂട് വർദ്ധിപ്പിക്കും.
വീടിന്റെ പുറത്തും ടെറസിലും വെള്ള നിറത്തിലുള്ള പെയിന്റ് അടിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമ്മിക്കുന്നതും വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. എസിയുടെ തെർമോസ്റ്റാറ്റ് സെറ്റ് 25 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. എസിയുടെ ഫിൽട്ടറുകൾ എല്ലാ മാസവും വൃത്തിയാക്കുക.
ചൂടില്ലാത്ത ഭാഗത്ത് കണ്ടൻസർ സ്ഥാപിക്കുന്നതാണ് ഉത്തമം. കണ്ടൻസർ ചൂടുള്ള സ്ഥാനത്ത് സ്ഥാപിച്ചാൽ ഊർജ്ജ നഷ്ടം കൂടും. കണ്ടൻസറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടെന്നും ഉറപ്പുവരുത്തണം.
Discussion about this post