കണ്ണൂർ : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി . ഒരാളെ എങ്ങനെ കഴുത്തറുത്ത് കൊല്ലാം എന്നതിൽ ഇന്റർനെറ്റ് സെർച്ച് ചെയ്തതായി പ്രതി കോടതിയോട് പറഞ്ഞു. ജയിലിൽ നിന്ന് എത്ര വർഷം കഴിഞ്ഞ് പുറത്തിറങ്ങാൻ കഴയുമെന്നുമെല്ലാം സെർച്ച് ചെയ്ത് പഠിച്ചിരുന്നു.
അഞ്ചാം പാതിരയെന്ന ക്രൈം ത്രില്ലർ സിനിമ പലതവണ കണ്ടു. കുറ്റബോധമില്ലെന്നും പതിനാല് വർഷം കഴിഞ്ഞ് പുറത്തിറങ്ങി ജീവിക്കാമല്ലോ എന്നുമായിരുന്നു പ്രതി അന്വേഷണത്തിനിടെ ആവർത്തിച്ചത്. പ്രണയത്തിൽ നിന്ന് പിൻവാങ്ങിയതിൻറെ പേരിൽ 23 കാരി വിഷ്ണുപ്രിയയെ അതിക്രൂരമായി കൊലപ്പെടുത്തിയ കൂത്തുപറമ്പ് സ്വദേശി ശ്യാംജിത്താണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. . വിധി പറഞ്ഞത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എവി മൃദുലയാണ്. ശിക്ഷ തിങ്കാളാഴ്ച വിധിക്കും.
2022 ഒക്ടോബർ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടന്നത്. തനിച്ചായിരുന്ന വിഷ്ണു പ്രിയയെ വീട്ടിൽ അതിക്രമിച്ച് കടന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ ശ്യാംജിത്ത് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവ സമയം വിഷ്ണുപ്രിയ ആൺ സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ആൺസുഹൃത്തിന്റെ മൊഴിയാണ് ശ്യാംജിത്തിനെ വേഗത്തിൽ പിടികൂടാൻ പോലീസിന് തുണയായത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.
Discussion about this post