എറണാകുളം : എറണാകുളം പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. പെരുമ്പാവൂരിലെ വേങ്ങൂരിൽ ആണ് കൂട്ടത്തോടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. വേങ്ങൂരിൽ മാത്രം 153 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. രോഗബാധയുള്ളവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
ജല അതോറിറ്റിയുടെ അനാസ്ഥയാണ് ഇത്തരത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ കാരണമായത് എന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ജലവിതരണം നടത്തുന്നവർക്ക് ക്ലോറിനേഷനിൽ വന്ന വീഴ്ചയാണ് ഒരു പ്രദേശത്തെ ആകെ ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നത്. ജല അതോറിറ്റി ഈ പ്രദേശത്ത് വിതരണം ചെയ്ത ജലം പരിശോധിച്ചപ്പോൾ ക്ലോറിന്റെ അംശം പോലും കണ്ടെത്താനായിട്ടില്ല.
ക്ലോറിനേഷൻ നടത്താത്ത ജലവിതരണം മൂലമാണ് ഹെപ്പറ്റൈറ്റിസ് എ പടർന്നു പിടിച്ചത് എന്നുള്ള പരാതിയെ തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചു. താൽക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനിൽ വീഴ്ച വരാൻ കാരണമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരാൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.
Discussion about this post