ജയ്പൂർ: ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ കൊലപ്പെടുത്തി മദ്രസ വിദ്യാർത്ഥികൾ. പ്രായപൂർത്തിയാവാത്ത കുട്ടികളാണ് കൃത്യം നടത്തിയത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. അജ്മീറിലെ മുഹമ്മദി മസ്ജീദിലെ ഇമാം ഉത്തർപ്രദേശ് സ്വദേശി മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറ് പേരെ അജ്മീർ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ എട്ട് വർഷമായി മുഹമ്മദ് മാഹിർ മസ്ജീദിലാണ് താമസം. ഏപ്രിൽ 27നാണ് കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ വന്ന് കൊലപാതകം നടത്തിയെന്നായിരുന്നു വിദ്യാർത്ഥികൾ പോലീസിന് നൽകിയിരുന്ന മൊഴി. എന്നാൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിലേക്ക് നയിക്കുന്ന ഒരു സൂചനയും ലഭിച്ചില്ലെന്ന് അജീമീർ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാർ ബിഷ്‌ണോയി പറഞ്ഞു. വിദ്യാർത്ഥികളുടെ മൊഴി വിശ്വാസത്തിലെടുത്തായിരുന്നു അനേഷണം മുന്നോട്ട് പോയിരുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്രസയിലെ വിദ്യാർത്ഥികളിൽ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞപ്പോൾ ഇമാം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. പീഡനം വീണ്ടും തുടർന്നതോടെ ഇമാമിനെ കൊലപ്പെടുത്താൻ വിദ്യാർത്ഥികൾ ചേർന്ന് തീരുമാനിക്കുകയായിരുന്നു. മർദ്ദിച്ച ശേഷം കഴുത്തിൽ കയറിട്ടാണ് വിദ്യാർത്ഥികൾ കൊലപാതകം നടത്തിയതെന്ന് എസ്പി പറഞ്ഞു.
Discussion about this post