മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ വാഹനത്തിന്റെ ആർസി റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ഒരു വർഷക്കാലത്തേക്കാണ് ആർസി റദ്ദ് ചെയ്തത്. വിവിധ വകുപ്പുകൾ പ്രകാരം 3500 രൂപ പിഴയും അടക്കണം.
മോട്ടോർ വാഹനവകുപ്പ് ഇൻഫോസ്‌മെന്റ് വിഭാഗമാണ് കുട്ടിയുടെ രക്ഷിതാവിനെതിരെ നടപടി സ്വീകരിച്ചത്. വാഹനം ഉടമയ്ക്ക് 5000 രൂപ പിഴ, വാഹനം ഓടിച്ച കുട്ടിക്ക് 5000 രൂപ പിഴ, വാഹനം നൽകിയ ആൾക്ക് 25000 രൂപ പിഴ എന്നിങ്ങനെയാണ് ചുമത്തിയിരിക്കുന്നത്.
മഞ്ചേരി കിടങ്ങഴി പുല്ലൂർ സ്വദേശിയായ 12 വയസുകാരനെക്കൊണ്ടാണ് കഴിഞ്ഞ ആഴ്ച്ച ബൈക്കോടിപ്പിച്ചത്. രണ്ട് ദിവസം മുൻപാണ് കുട്ടിയുടെ പിതാവ് മറ്റൊരാളിൽ നിന്നും ബൈക്ക് വാങ്ങിയത്. തൃശൂർ സ്വദേശിയിൽ നിന്നാണ് വാഹനം വാങ്ങിയത്. എന്നാൽ ഇതിന്റെ ഓണർഷിപ്പ് മാറ്റിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച്ചയാണ് മുതിർന്ന ആളെ പുറകിലുരുത്തിക്കൊണ്ട് കുട്ടി ബൈക്കോടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എംവിഡി കേസെടുക്കുകയായിരുന്നു.
Discussion about this post