ഗ്വാളിയോർ രാജ്ഞി രാജ്മാത മാധവി രാജെ സിന്ധ്യ അന്തരിച്ചു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമാണ് അന്തരിച്ച മാധവി രാജെ സിന്ധ്യ. രോഗബാധിത ആയതിനെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ എഴുപതാം വയസ്സിലാണ് ഗ്വാളിയോറിന്റെ പ്രിയപ്പെട്ട രാജ്മാത വിടവാങ്ങിയത്.
നേപ്പാൾ രാജകുടുംബാംഗവും കൂടിയാണ് മാധവി രാജെ സിന്ധ്യ. നേപ്പാളിലെ മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന ഷംഷേർ ജംഗ് ബഹാദൂർ റാണയുടെ കൊച്ചുമകളായ പെൺകുട്ടി ഗ്വാളിയോർ രാജ്ഞി ആയതിനു പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കഥയുണ്ട്, വിവാഹത്തിനു മുൻപ് രാജകുമാരി കിരൺ രാജ്യലക്ഷ്മി ദേവി എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. നേപ്പാളിലെ മാധേഷ് പ്രവിശ്യയിലെ ആർമി ജനറലിന്റെ മകളായി രാജകുടുംബത്തിലെ പ്രിയപ്പെട്ട രാജകുമാരി ആയിട്ട് ആയിരുന്നു കിരൺ രാജ്യലക്ഷ്മി വളർന്നുവന്നത്.
1966 ലാണ് അവർ ഇന്ത്യയിലെ മധ്യപ്രദേശിലെ ഗ്വാളിയോർ രാജകുടുംബത്തിലേക്ക് വധുവായി എത്തുന്നത്. സിന്ധ്യ രാജകുടുംബത്തിലെ രാജകുമാരനും ഗ്വാളിയോർ നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരിയായിരുന്ന ജിവാജിറാവു സിന്ധ്യയുടെ മകനും ആയിരുന്നു മാധവറാവു സിന്ധ്യ. ഗ്വാളിയോറിലെ സിന്ധ്യ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിൻചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡിലെ ന്യൂ കോളേജിലും ആയാണ് അദ്ദേഹം ഉപരിപഠനം നടത്തിയത്. പഠനം പൂർത്തിയായതോടെ അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം രാജ്മാത സ്ഥാനത്തുണ്ടായിരുന്ന മാതാവ് വിജയ രാജെ സിന്ധ്യയുടെ താല്പര്യ പ്രകാരം അദ്ദേഹത്തിന് വിവാഹാലോചനകൾ ആരംഭിച്ചു.
വിവാഹത്തിനായി മാധവറാവു ഒരു ഉടമ്പടി മാത്രം മുന്നോട്ടു വച്ചു. വിവാഹത്തിനുമുമ്പ് തനിക്ക് വധുവിനെ കാണണം എന്നായിരുന്നു അത്. അക്കാലത്ത് രാജകുടുംബങ്ങളിൽ ഒട്ടും പതിവില്ലാത്ത ഒരു കാര്യമായിരുന്നു വിവാഹത്തിന് മുൻപ് വരനും വധുവും തമ്മിൽ പരസ്പരം കാണുന്നത്. മാധവറാവുവിന്റെ ആവശ്യത്തിന് രാജ്മാത വഴങ്ങിയെങ്കിലും വിവാഹം ആലോചിച്ച രാജകുമാരിമാരുടെ കുടുംബങ്ങൾ ഒന്നും തന്നെ ഇതിന് തയ്യാറായില്ല. രാജകുടുംബങ്ങളിൽ നിന്നും വിവാഹ ആലോചനകൾ വന്നിരുന്നെങ്കിലും മാധവറാവുവിന്റെ ആവശ്യം അംഗീകരിക്കാൻ ആരും തയ്യാറാകാഞ്ഞതോടെ വിവാഹം തന്നെ നീണ്ടു പോയി. ആയിടയ്ക്കാണ് നേപ്പാളിലെ രാജകുടുംബത്തിലെ രാജകുമാരി കിരൺ രാജ്യലക്ഷ്മി ദേവിയെ കുറച്ച് രാജ്മാതാ വിജയ രാജെ സിന്ധ്യ കേൾക്കുന്നത്. പക്ഷേ അവിടെയും കഥ സമാനമായിരുന്നു. രാജകുമാരിയെ നേരിട്ട് കാണിക്കാൻ കഴിയില്ല പക്ഷേ ഒരു ഫോട്ടോ കാണിക്കാമെന്ന് ഒടുവിൽ നേപ്പാൾ രാജകുടുംബം സമ്മതിച്ചു. അങ്ങനെ മാധവ റാവു കിരൺ രാജ്യലക്ഷ്മിയുടെ ഫോട്ടോ കാണുകയും കണ്ട ഉടനെ തന്നെ ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു.
വലിയ ആഘോഷങ്ങളോടെയും ആർഭാടങ്ങളോടെയും ഡൽഹിയിൽ വച്ചായിരുന്നു മാധവ റാവു-കിരൺ രാജ്യലക്ഷ്മി വിവാഹം നടന്നത്. വിവാഹം കഴിച്ചതോടെ മറാത്ത രാജകുടുംബങ്ങളിലെ ആചാര പ്രകാരം കിരൺ രാജ്യലക്ഷ്മി ദേവിയുടെ പേര് മാധവി രാജെ സിന്ധ്യ എന്ന് മാറ്റപ്പെട്ടു.
ഭർത്താവ് മാധവറാവു സിന്ധ്യ ജീവിച്ചിരുന്നിരുന്ന കാലത്ത് മഹാറാണി എന്നായിരുന്നു മാധവി രാജെ സിന്ധ്യ അഭിസംബോധന ചെയ്യപ്പെട്ടിരുന്നത്. പിന്നീട് ഭർത്താവിന്റെ മരണശേഷമാണ് അവർ രാജ്മാത എന്ന് അറിയപ്പെടാൻ ആരംഭിച്ചത്. 2001 സെപ്റ്റംബറിൽ ആയിരുന്നു മുൻ കേന്ദ്രമന്ത്രിയായിരുന്ന മാധവറാവു സിന്ധ്യ ഉത്തർപ്രദേശിൽ വച്ച് ഒരു വിമാനാപകടത്തിൽ അന്തരിച്ചത്. 9 തവണ ലോക്സഭാംഗമായിരുന്ന മാധവറാവു സിന്ധ്യ ഭാരതീയ ജനസംഘത്തിലും പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ആയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. മാധവറാവു- മാധവി രാജെ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. വ്യവസായ പ്രമുഖ ആയ ചിത്രാംഗദ സിംഗ്, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരോടൊപ്പം സന്തുഷ്ടകരമായ ജീവിതം നയിച്ചു വരുന്നതിനിടയിലാണ് എഴുപതാം വയസ്സിൽ രാജ്മാത മാധവി രാജെ സിന്ധ്യ ഇഹലോകവാസം വെടിയുന്നത്.
Discussion about this post