ഇസ്ലാമാബാദ്: പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഇന്ത്യയുടെ വികസന നേട്ടങ്ങൾ ചർച്ചയാക്കി എംപി. മുട്ടഹിത ഖ്വാമി മൂവ്‌മെന്റ് പാകിസ്താൻ പാർട്ടി എംപി സയിദ് മുസ്തഫ കമൽ ആയിരുന്നു ഇന്ത്യയുടെ വികസന നേട്ടങ്ങളെക്കുറിച്ച് സഭയെ ഓർമ്മിപ്പിച്ചത്. ഇന്ത്യ ചന്ദ്രനിൽ പര്യവേഷണം നടത്തുമ്പോൾ പാകിസ്താനിലെ മാദ്ധ്യമങ്ങൾ കുട്ടികൾ കുഴികളിൽ വീണ് മരിക്കുന്നതിനെക്കുറിച്ചാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പാകിസ്താന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു സഭയിൽ ഇന്ത്യയുടെ വികസനം ചർച്ചയായത്. പാകിസ്താന്റെ നിലവിലെ സാഹചര്യം വളരെ ദയനീയം ആണെന്ന് മുസ്തഫ കമൽ സഭയിൽ പറഞ്ഞു. ലോകരാജ്യങ്ങൾ ചന്ദ്രനിൽ പര്യവേഷണം നടത്തുന്നു. അതേ സ്ഥാനത്ത് കുട്ടികൾ കുഴികളിൽ വീണ് മരിക്കുന്നതിനെ കുറിച്ചാണ് പാകിസ്താൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രപര്യവേഷണ വാഹനം വിജയകരമായി ചന്ദ്രനിൽ എത്തി. എന്നാൽ പാകിസ്താനിൽ കുട്ടികൾ മരിക്കുന്ന വാർത്തകൾ മാത്രമാണ് കേൾക്കുന്നത്.
ഇന്ത്യയുടെ ദക്ഷിണ ധ്രുവത്തിൽ പര്യവേഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ നാല് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്താന്റെ റെവന്യൂ എൻജിൻ ആണ് കറാച്ചി. രണ്ട് തുറമുഖങ്ങൾ കറാച്ചിയ്ക്കുണ്ട്. രാജ്യത്തിന് ലഭിക്കുന്ന നികുതിയിൽ 68 ശതമാനം എത്തുന്നത് കറാച്ചിയിൽ നിന്നാണ്. എന്നിട്ടും കറാച്ചിയിലെ ജനങ്ങൾക്ക് കുടിയ്ക്കാൻ ശുദ്ധജലം പോലും നൽകാൻ സർക്കാരിന് കഴിയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്ത് ഇല്ല. 26.2 മില്യൺ കുട്ടികളാണ് പാകിസ്താനിൽ സ്‌കൂളിൽ പോകാത്തത്. 48,000 സ്‌കൂളുകൾ ഉണ്ട്. എന്നാൽ ഇതിൽ പകുതിയും അടച്ചുപൂട്ടിയിരിക്കുകയാണെന്നും സയീദ് കൂട്ടിച്ചേർത്തു.
Discussion about this post