കൊച്ചി: കെ. ബാബുവിനെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ സര്‍ക്കാരിന് തിരച്ചടി. ആവശ്യം തള്ളിയ ഹൈക്കോടതി തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തില്‍ സ്റ്റേ അനുവദിച്ചില്ല.
സ്റ്റേ അനവസരത്തില്‍ ഉള്ളതാണെന്നും ഈ രീതിയില്‍ ആയിരുന്നില്ല സര്‍ക്കാര്‍ കോടതിയെ സമീപിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കക്ഷികള്‍ക്ക് ഉത്തരവിനെതിരെ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
അതേസമയം, വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ.ബാബു ഹൈക്കോടതിയിയെ സമീപിച്ചു. ഇന്നുതന്നെ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിരസിച്ചു. ബന്ധപ്പെട്ട ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. കക്ഷികള്‍ക്ക് ഉത്തരവിനെതിരെ കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു.
വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് ഗൗരവകരമായി കാണണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചത്. ഹൈക്കോടതി പരിഗണിക്കുന്ന കേസിലാണ് വിജിലന്‍സ് കോടതി ഇടപെട്ടത്. വിജിലന്‍സ് കോടതി എല്ലാ പരിധിയും ലംഘിച്ചു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ജുഡീഷ്യല്‍ മര്യാദ കണക്കിലെടുക്കാതെ ആണ് വിജിലന്‍സ് കോടതി ഉത്തരവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിെടയാണു സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്.
എന്നാല്‍, സര്‍ക്കാര്‍ നടപടി ക്രമപ്രകാരമല്ലെന്നും ഇതിനായി പ്രത്യേകം ക്രിമിനല്‍ ഹര്‍ജി നല്‍കുകയാണു വേണ്ടതെന്നും എതിര്‍വിഭാഗം വാദിച്ചു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. അതേസമയം, ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ വിധി വരുന്നതു വരെ വിജിലന്‍സ് കോടതി കാത്തിരിക്കുന്നതായിരുന്നു ഔചിത്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഉത്തരവില്‍ നിയമപരമായി അപാകതയില്ലെന്നും ജുഡീഷ്യല്‍ മര്യാദയുടെ ലംഘനമുണ്ടായോ എന്നാണ് പരിശോധിച്ചതെന്നും ഹൈക്കോടതി പറഞ്ഞു.
Discussion about this post