തിരുവനന്തപുരം: 56ാമത് സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഇനി വെറും ആറിനങ്ങള്‍ മാത്രം അവസാനിക്കാനിരിക്കെ കോഴിക്കോടും, പാലക്കാടും തമ്മില്‍ കലയുടെ കീരിടത്തിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ്.
കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 872 പോയിന്റുമായാണ് കോഴിക്കോട് മുന്നേറ്റം തുടരുന്നത്. ഏഴുപോയിന്റ് വ്യത്യാസത്തില്‍ 865 പോയിന്റോടെ പാലക്കാട് കനത്ത വെല്ലുവിളിയുമായി പിന്നിലുണ്ട്.
സംഘാടനത്തിലുണ്ടായ ചില പാകപ്പിഴകള്മാത്രമാണു കലോത്സവത്തിന്റെ ശോഭയ്ക്കു മങ്ങലേല്‍പ്പിച്ചത്. ഇന്നലെയും നാടകവേദിയില്‍ സംഘാടക പിഴവുമൂലം ബഹളമുണ്ടായി. ശബ്ദസംവിധാനം തകരാറിലായതാണ് പ്രതിഷേധത്തിനു കാരണമായത്. ഇതുമൂലം മണിക്കൂറുകള്‍ വൈകിയാണു നാടകമത്സരം തുടങ്ങാനായത്. അപ്പീലുകളുടെ എണ്ണത്തിനും ഇത്തവണ കുറവുണ്ടായില്ല. 842 അപ്പീലുകളാണ് കലോത്സവത്തിലെത്തിയത്.
ഇന്നു വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അടുത്ത കലോത്സവവേദി സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
Discussion about this post