തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച കെ. ബാബു തിളക്കത്തോടെ തിരിച്ചു വരുമെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ‘സാമൂഹ്യനന്മയ്ക്കായി സ്ഥാനത്യാഗം’ എന്ന തലക്കെട്ടിലാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം.
സ്വയംബലി നല്‍കികൊണ്ട് ധാര്‍മ്മിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ബാബുവിന് പതിന്മടങ്ങ് തിളക്കത്തോടെ നിയമ പോരാട്ടങ്ങളെ അതിജീവിച്ച് തിരിച്ചുവരാനാകുമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
സമാനതകളില്ലാത്ത കുതിപ്പുകളിലൂടെ കേരളത്തെ വികസനത്തിന്റെ വിഹായസ്സിലെത്തിച്ച യു.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള നീചമായ ഗൂഢാലോചനയായിരുന്നല്ലോ ബാര്‍കോഴക്കേസ്. ഗാന്ധിയന്‍ ആദര്‍ശങ്ങളിലധിഷ്ഠിതമായ മദ്യവര്‍ജ്ജന നയം നടപ്പാക്കിയതിന്റെപേരില്‍ ബാബുവിന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നത് വലിയ ദുരന്തമാണ്. ഗാന്ധിയന്‍ ആദര്‍ശത്തെ നിഷ് കരുണം കൊലചെയ്തവര്‍ ഇപ്പോള്‍ ആഹഌദം കൊള്ളുകയും അട്ടഹസിക്കുകയുമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രതിബദ്ധതയും സമര്‍പ്പണബോധവും കാര്യപ്രാപ്തിയും ദീര്‍ഘദൃഷ്ടിയുമുള്ള ഭരണാധികാരിയായി മാറിയ ബാബുവിനെപ്പോലുള്ള ജനനേതാക്കള്‍ യു.ഡി.എഫില്‍ വളര്‍ന്നുവരുന്നത് ആധിയോടെയും വ്യാധിയോടെയുമാണ് സി.പി.എം. വീക്ഷിച്ചതെന്നും നേരും നെറിയുമില്ലാത്ത രാഷ്ട്രീയ ഗൂഢാലോചനയിലൂടെ അവര്‍ അദ്ദേഹത്തിന് അഗ്നിവ്യൂഹം തീര്‍ത്തെന്നും കുറ്റപ്പെടുത്തുന്നു.
കീഴ്ക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള നീതിപീഠങ്ങളില്‍ നിരവധി വാദങ്ങളിലൂടെ അംഗീകരിക്കപ്പെട്ട മദ്യനയം നടപ്പാക്കിയതിന്റ പേരിലാണ് ബാബു ബലിപീഠത്തിലേക്കെറിയപ്പെട്ടത്. ബാറുകള്‍ അടച്ചുപൂട്ടിയതോടെ കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെട്ട മദ്യമാഫിയകളുടെ ക്രോധവും പകയുമാണ് ബാര്‍കോഴ എന്ന അതിനിഗൂഢമായ നാടകത്തിന് അരങ്ങും അണിയറയിലുമായി പ്രവര്‍ത്തിച്ചത്.
വിജിലന്‍സ് കോടതി മന്ത്രി ബാബു കുറ്റക്കാരനാണെന്ന വിധിച്ച തരത്തിലാണ് പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം. കുറ്റപത്രവും വിചാരണയും കൂടാതെയുള്ള ഇത്തരം വ്യാജവിധി പ്രസ്താവന നടത്തുന്നത് അധാര്‍മികവും നീതി നിഷേധവുമാണ്. വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ വ്യാഖ്യാനിച്ച് അധികാരത്തില്‍ തുടരാനുള്ള ഒരായിരം പഴുതുകള്‍ ഉപയോഗിച്ച് വേണമെങ്കില്‍ ബാബുവിനെ കസേര വിട്ടൊഴിയാതിരിക്കാമായിരുന്നുവെന്നും മുഖ്യപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
മദ്യമാഫിയകളുടെ ചെല്ലിലും ചെലവിലും അരങ്ങേറിയ ഈ തുടര്‍നാടകത്തിന്റെ സൂത്രധാരകരും വേഷ സംവിധായകരും പ്രതിപക്ഷവും അവരുടെ നേതൃത്വത്തിലുള്ള ചില മാധ്യമങ്ങളുമായിരുന്നു. മദ്യനയത്തില്‍ നിയമയുദ്ധം നടത്തി ദയനീയമായി തോറ്റവര്‍ ബാബുവിനെ ഒളിവെടിയിലൂടെയാണ് വീഴ്ത്തിയിരിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.
Discussion about this post