തൃശൂർ: മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ഒല്ലൂർ സ്വദേശിയാണ്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെ ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തിന് ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ ഒൻപതരയോടെയായിരുന്നു മരണം സംഭവിച്ചത്.
മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം വൈകീട്ട് നാല് മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ. പാറമേക്കാവ് ശാന്തിഘട്ടിൽ ഭൗതിക ദേഹം സംസ്‌കരിക്കും.
40 വർഷക്കാലമായി തൃശൂർ പൂരത്തിൻറെ ഭാഗമായിരുന്നു അരവിന്ദാക്ഷൻ മാരാർ. ഇലഞ്ഞിത്തറ മേളത്തിൽ വർഷങ്ങളോളം അദ്ദേഹം പെരുവനം കുട്ടൻമാരാരുടെ വലംതലയായിരുന്നു. 16ാം വയസ്സിലാണ് ഇലഞ്ഞിത്തറമേളത്തിൽ അദ്ദേഹം കൊട്ടാൻ ആരംഭിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷക്കാലമായി തൃശ്ശൂർ പൂരത്തിൽ നിന്നും അദ്ദേഹം വിട്ട് നിൽക്കുകയായിരുന്നു. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post