ന്യൂഡൽഹി : ജഗ്വാർ ലാൻഡ് റോവർ യുകെയിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നു. കമ്പനിയുടെ മുൻനിര വാഹനങ്ങളായ റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട് മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങുകയാണ്. ആഡംബര എസ്യുവി വാഹനങ്ങൾ ആയ ഇവ ആദ്യമായാണ് യുകെക്ക് പുറത്ത് നിർമ്മിക്കപ്പെടുന്നത്. നിലവിൽ പൂനെയിൽ സ്ഥിതിചെയ്യുന്ന ജഗ്വാറിന്റെ അസംബ്ലിംഗ് പ്ലാന്റിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുക.
ജഗ്വാറിന്റെ പ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യ. അതിനാൽ തന്നെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട് മോഡലുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനായി കമ്പനി ഒരുങ്ങുന്നത്. ജഗ്വാറിന്റെ യുകെയിലെ പ്രസിദ്ധമായ സോളിഹൾ പ്ലാന്റിൽ ഇനിമുതൽ പുതുതായി പുറത്തിറക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് റേഞ്ച് റോവർ മോഡലും പ്രീമിയം എസ്യുവികളും മാത്രമായിരിക്കും നിർമ്മിക്കുക.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ റേഞ്ച് റോവർ റീട്ടെയിൽ വിൽപ്പനയിൽ 160 ശതമാനം വർദ്ധനവാണ് ഉണ്ടായിരുന്നത്. ആഗോളതലത്തിൽ തന്നെ റേഞ്ച് റോവറിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യൻ വിപണിയിലുള്ള ഈ ഡിമാൻഡ് ആണ് റേഞ്ച് റോവർ മോഡലുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും എന്ന തീരുമാനത്തിലേക്ക് ജഗ്വാറിനെ എത്തിച്ചിട്ടുള്ളത്.
Discussion about this post