കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) പേര് മാറ്റാനൊരുങ്ങുന്നു. ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യാനായി കെ.എം.ആർ.എൽ. എം.ഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം.
മഹാരാഷ്ട്ര മെട്രോ, ഉത്തർപ്രദേശ് മെട്രോ, ഗുജറാത്ത് മെട്രോ എന്നീ മാതൃകകൾ പിന്തുടർന്നാണ് കേരളത്തിലും ഈ പരിഷ്കാരം കൊണ്ടുവരുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അംഗീകാരത്തോടെയായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക.
ഈ മാറ്റം നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, ജീവനക്കാർ, കരാറുകൾ എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്നാണ് ബ്രാൻഡിങ് മാറ്റങ്ങൾക്കുള്ള ചെലവ് കണ്ടെത്തുകയെന്നും അധികൃതർ വ്യക്തമാക്കി.










