ന്യൂഡൽഹി: വ്യാജ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും വൻ തുക കൈക്കലാക്കി തട്ടിപ്പ് സംഘം. ന്യൂഡൽഹിയിൽ ആണ് സംഭവം. മഹാലക്ഷ്മി എൻക്ലേവ് സ്വദേശിയായ രാജേഷ് പാലിനാണ് പണം നഷ്ടമായത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. യൂട്യൂബ് വീഡിയോയ്ക്ക് ലൈക്ക് അടിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്. പ്രതിദിനം 150 രൂപയും പ്രതിഫലമായി തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തിരുന്നു. വാട്‌സ് ആപ്പ് വഴിയായിരുന്നു രാജേഷ് പാലിന് സന്ദേശം ലഭിച്ചത്. ഇതിൽ ആകൃഷ്ടനായ ഇയാൾ സന്ദേശത്തിന് താഴെ ജോലി തുടരാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
സംഘം ആവശ്യപ്പെട്ട മൂന്ന് വീഡിയോകൾക്ക് രാജേഷ് പാൽ ലൈക്ക് അടിച്ചു. ഇതിന് പ്രതിഫലമായി 150 രൂപ സംഘം നൽകിയതോടെ രാജേഷ് വീഡിയോയ്ക്ക് ലൈക്ക് ചെയ്യുന്ന ജോലി തുടരുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം തട്ടിപ്പ് സംഘം രാജേഷ് പാലിനെ ഇവരുടെ തന്നെ ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്തു. ഇതിന് ശേഷം 5000 രൂപ അവർ നൽകിയ അക്കൗണ്ടിലേക്ക് അയക്കാൻ പറയുകയായിരുന്നു. ഇത് പ്രകാരം പണം അയച്ച് നൽകി. തുടർന്നും സംഘം ചെറു തുകകൾ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിലാണ് യുവാവിന് 15 ലക്ഷത്തോളം രൂപ നഷ്ടമായത്.
പണം ഇനിയും നഷ്ടമാകുമെന്ന് ചിന്തിച്ച യുവാവ് ലൈക്ക് അടിക്കുന്ന ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതിയും നൽകി. പരാതിയിൽ പോലീസ് തട്ടിപ്പ് സംഘത്തിലെ ശുഭം മിശ്രയെ അറസ്റ്റ് ചെയ്തു.











