തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പല യുഡിഎഫ് നേതാക്കളും തന്നെ വിളിച്ചിരുന്നെന്ന് കെ മുരളീധരൻ. നിരവധി നേതാക്കൾ തന്നെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭാവി കാര്യങ്ങളെ കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിൽ പ്രിയങ്ക വാദ്ര മത്സരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ മുരളീധരനെ വയനാട്ടിലേക്ക് പരിഗണിക്കാനുള്ള നീക്കവും യുഡിഎഫ് നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ച കെ.മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരുന്നു നീക്കം.
കെ മുരളീധരന് വയനാട്ടിൽ നിന്ന് മത്സരിച്ച് ജയിച്ച പാരമ്പര്യം ഉണ്ട്. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വയനാട്ടിലേക്ക് പരിഗണിച്ചത്. എന്നാൽ, പ്രിയങ്ക വാദ്ര മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ മുരളീധരന് അവസരം ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.
കെ. രാധാകൃഷ്ണൻ ജയിച്ചതോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചേലക്കര നിയമസഭാ മണ്ഡലത്തിലേക്ക് രമ്യ ഹരിദാസിനെയും പാർട്ടി പരിഗണിക്കുന്നുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ നിർത്താനാണ് തീരുമാനം.
Discussion about this post