ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ആകാശവിസ്മയത്തിനായി കണ്ണുനട്ട് കാത്തിരിക്കുകയാണ് ശാസ്ത്രലോകം ഒരു നക്ഷത്ര വിസ്‌ഫോടനത്തിനായാണ് വാനനിരീക്ഷകർ സർവ്വസന്നാഹങ്ങളുമായി കാത്തിരിക്കുന്നത്. ആകാശത്ത് ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന ദൃശ്യം ഭൂമിയിൽ നിന്ന് നഗ്‌നനേത്രങ്ങളാൽ കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചതിന് പിന്നാലെ സാധാരണ ജനങ്ങളും ഈ ദിനത്തിനായി കാത്തിരിക്കുകയാണ്. നഗരങ്ങളിൽ നിന്ന് പോലും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത്ര തിളക്കമുള്ള സംഭവമായിരിക്കും എന്നത് കൊണ്ടുതന്നെ ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് എന്ന നക്ഷത്രസംവിധാനത്തിലാണ് പൊട്ടിത്തെറി നടക്കുന്നത്.
ഭൂമിയിൽ നിന്ന് 3,000 പ്രകാശവർഷം അകലെ ഉത്തരാർധഖഗോളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നക്ഷത്രസമൂഹമാണ് കൊറോണ ബോറിയാലിസ് ആ നക്ഷത്രസമൂഹത്തിൽ ഒരു ഇരട്ടനക്ഷത്ര സംവിധാനം അഥവാ ബൈനറി സ്റ്റാർ സിസ്റ്റമുണ്ട്. ഗുരുത്വാകർഷണത്താൽ ബന്ധിപ്പിക്കപ്പെട്ട് പരസ്പരം ഭ്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളുടെ ഒരു സംവിധാനമാണത്. അതിലൊരു നക്ഷത്രം വെളുത്ത കുള്ളൻനക്ഷത്രമാണ്. അതിന്റെ കൂട്ടാളിയാകട്ടെ ഒരു ചുവന്ന ഭീമനും.
അതിലെ വെളുത്ത കുള്ളന്റെ ബാഹ്യഭാഗത്തിനാണ് പൊട്ടിത്തെറി അഥവാ നോവ സംഭവിക്കുന്നത്. വെള്ളക്കുള്ളൻ നക്ഷത്രം ചുവന്നഭീമനിൽ നിന്നുള്ള ഹൈഡ്രജൻ ഉപരിതലത്തിലേക്ക് വലിച്ചെടുക്കപ്പെടുകയും കേന്ദ്രീകൃത പിണ്ഡത്തിലേക്ക് അടിഞ്ഞുകൂടുകയും ഒടുവിൽ ഒരു തെർമോ ന്യൂക്ലിയർ സ്‌ഫോടനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതാണ് നോവ വിസ്‌ഫോടനം. നോർത്തേൺ ക്രൗൺ എന്നുമറിയപ്പെടുന്ന കൊറോണ ബോറിയലിസ് താരസംവിധാനത്തിൽ ഈ വിസ്ഫോടനം കൃത്യമായി കാണാൻ സാധിക്കും.
ഇത്തരം നോവ വിസ്ഫോടനങ്ങൾ ശരാശരി 80 വർഷങ്ങളുടെ ഇടവേളയിലാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. അവസാനമായി ടി കൊറോണ ബൊറിയലിസ് പൊട്ടിത്തെറിച്ചത് 1946 ലാണ്. ആ സ്‌ഫോടനത്തിന് ഏകദേശം ഒരു വർഷം മുമ്പ്, നക്ഷത്രത്തിന് പെട്ടെന്ന് മങ്ങൽ അനുഭവപ്പെട്ടിരുന്നു. ഈ അവസ്ഥയെ ജ്യോതിശാസ്ത്രജ്ഞർ ‘പ്രീ-എറപ്ഷൻ ഡിപ്പ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. 2023-ലാണ് നക്ഷത്രം വീണ്ടും ഇത് പോലെ മങ്ങിയത്. അതായത് 1946-ലെ പാറ്റേൺ ആവർത്തിക്കുകയാണെങ്കിൽ, ഇപ്പോൾ മുതൽ 2024 സെപ്തംബർ വരെ സൂപ്പൻ നോവ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു പരിധിവരെ ടെലിസ്‌കോപ്പോ ബിനോക്കുലറോ ഇല്ലാതെ തന്നെ കേരളത്തിൽ നിന്നും നമുക്കിത് കാണാൻ കഴിയും. എന്തായാലും നക്ഷത്ര വിസ്‌ഫോടനത്തിനായി സകലതയ്യാറെടുപ്പുകളും നടത്തി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ഇത്തരം പൊട്ടിത്തറി നിരീക്ഷിക്കുന്നതിലൂടെ ജീവന്റെ ഉത്ഭവത്തെ പറ്റിയും പ്രപഞ്ചത്തിന്റെ വികാസത്തെ പറ്റിയും ഒക്കെ കൂടുതൽ അറിവ് ശേഖരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post