ന്യൂഡൽഹി : നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റത് വലിയ നേട്ടമാണ് എന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ എന്ന് താരം പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹാർലാൽ നെഹറുവിന് ശേഷം മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയാണ് അധികാരത്തിലേക്ക് എത്തുന്നത് . ഇത് ഒരു വലിയ നേട്ടമാണ്. അടുത്ത അഞ്ച് വർഷം നല്ല ഭരണം അദ്ദേഹം കാഴ്ചവെയ്ക്കും എന്നത് ഉറപ്പാണ്. അങ്ങനെ തന്നെയാണ് തന്റെ പ്രതീക്ഷ – രജനികാന്ത് പറഞ്ഞു. രാഷ്ട്രപതി ഭവനിൽ ഇന്ന് വൈകീട്ട് ഏഴേകാലിന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ഈ ചടങ്ങിലെ അതിഥികളിലൊരാളാണ് രജനികാന്തും.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചന്ദ്രബാബു നായിഡുവിനും രജനികാനന്ത് സോഷ്യൽ മീഡിയ പേജിലൂടെ ആശംസ അറിയിച്ചിരുന്നു. അതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കുന്ന ചടങ്ങിലേക്കും താരത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
സാധാരണ ജനങ്ങൾ മുതൽ ലോകനേതാക്കൾ വരെയുള്ള എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. പല ലോകനേതാക്കളും ഡൽഹിയിൽ എത്തുകയും ചെയ്തു. ചടങ്ങിനെ തുടർന്ന് രാജ്യതലസ്ഥാനം കനത്ത സുരക്ഷയിലാണ്.
Discussion about this post