ആലപ്പുഴ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന്റെ തലയിലിടാൻ നോക്കേണ്ട എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായി ഉണ്ടായിരുന്ന ന്യൂനപക്ഷ വികാരം കോൺഗ്രസിന് ഗുണം ചെയ്യുകയാണ് ഉണ്ടായത് എന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്നത് ഇടതുപക്ഷം തന്നെ ആയിരിക്കും എന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു. ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും എൽഡിഎഫ് സ്ഥാനാർത്ഥിനിർണയം പാളിപ്പോയെന്ന് താൻ നേരത്തെ തന്നെ പാർട്ടിയെ അറിയിച്ചിരുന്നു എന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
നവോത്ഥാന സമിതി വൈസ് ചെയർമാൻസ്ഥാനം രാജിവെച്ച ഹുസൈൻ മടവൂരിനെതിരെയും വെള്ളാപ്പളളി നടേശൻ രൂക്ഷ വിമർശനമുന്നയിച്ചു. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണത് പോലെയാണ് ഹുസൈൻ മടവൂരിന്റെ രാജി എന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്. രാജിവെക്കാൻ ഒരു കാരണം കാത്തിരുന്നതുകൊണ്ടാണ് ഹുസൈൻ മടവൂർ രാജിവച്ചത് അല്ലാതെ താൻ പറയുന്നത് കേട്ട് രാജിവെക്കുകയായിരുന്നില്ല. എന്നാൽ താൻ ഹുസൈൻ മടവൂരിനെ പോലെയല്ല പിണറായി വിജയൻ പറഞ്ഞാൽ മാത്രമേ താൻ രാജിവെക്കുകയുള്ളൂ എന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
Discussion about this post