ലോങ്‌വേ: മലാവി വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമയും ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. ലോങ്‌വേയിൽ നിന്നുള്ള ടേക്ക് ഓഫിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സോലോസ് ചിലിമയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്‌മെന്റിലെ നേതാക്കള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിനായി വ്യാപക തിരച്ചിൽ നടത്തുകയാണ്.
രാവിലെ 9.17നാണ് വിമാനം ലോങ്‌വേയിൽ നിന്നും പറന്നുയര്‍ന്നത്. മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന റാൽഫ് കസാംബാരയുടെ സംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. തിങ്കളാഴ്ച രാവിലെയായിരുന്നു വിമാനം ലാന്റിംഗ് നടത്തേണ്ടിയിരുന്നത്.
സോലോസ് ചിലിമയുടെ ഭാര്യ മേരിയും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനവുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അടിയന്തരമായി നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രസിഡന്റ് ലസാറസ് ചക്വേര ഉത്തരവിട്ടു.
Discussion about this post