മുംബൈ : മുംബൈ കോസ്റ്റൽ റോഡ് രണ്ടാംഘട്ടം ഉദ്ഘാടനം പൂർത്തിയായതോടെ ആവേശത്തിലാണ് മുംബൈ നിവാസികൾ. ഈ തിരക്കേറിയ ദിവസങ്ങളിൽ ഗതാഗത സൗകര്യം ഏറ്റവും എളുപ്പത്തിൽ ആയത് വഴി നഗര ജീവിതത്തിൽ വലിയ മാറ്റമാണ് മുംബൈ കോസ്റ്റൽ റോഡ് രണ്ടാംഘട്ടം കൊണ്ടുവന്നിരിക്കുന്നത്. മറൈൻ ലൈനിലെ എൻസിആറിൽ നിന്നും ഹാജി അലി ജംക്‌ഷൻ വരെയുള്ള യാത്ര ഒരു മണിക്കൂർ സമയം എടുത്തിരുന്നതിനു പകരം മുംബൈ കോസ്റ്റൽ റോഡ് യാഥാർത്ഥ്യമായതോടെ വെറും 8 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്തിൽ എത്താൻ കഴിയുന്നതാണ്.
മുംബൈ നഗരത്തിന് ഇപ്പോൾ ഈറോഡ് വളരെ ആവേശമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ദിനംപ്രതി ഈ വഴിയുള്ള യാത്രയുടെ സമയദൈർഘ്യത്തിൽ വന്ന മാറ്റം തിരിച്ചറിയാനായി മുംബൈ കോസ്റ്റൽ റോഡിലൂടെ യാത്ര ചെയ്യുന്നത്. കോസ്റ്റൽ റോഡ് രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനവും അല്പം വ്യത്യസ്തമായാണ് നിർവഹിച്ചത്. 94 വർഷം പഴക്കമുള്ള ഒരു വിൻ്റേജ് റോൾസ് റോയ്സ് കാറിൽ ഈ കോസ്റ്റൽ റോഡിലൂടെ യാത്ര ചെയ്തു കൊണ്ടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മുംബൈ കോസ്റ്റൽ റോഡ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തത്. ഈ വ്യത്യസ്തമായ ഉദ്ഘാടന രീതി തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറി.
‘ധർമ്മവീർ സ്വരാജ്രക്ഷക് ഛത്രപതി സംഭാജി മഹാരാജ് മുംബൈ കോസ്റ്റൽ റോഡ്’ ഇതാണ് ഔദ്യോഗികമായി മുംബൈ കോസ്റ്റൽ റോഡ് അറിയപ്പെടുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടമായ ബാന്ദ്ര വർളി സീ ലിങ്ക് വരെയുള്ള ശേഷിക്കുന്ന ഭാഗം ഒരു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറോടെ മുഴുവൻ ഘട്ടവും പൂർണ്ണമായും തയ്യാറാകും. ഈ പാത പൂർണ്ണമായും ടോൾ രഹിതമാണ് എന്നുള്ളതും യാത്രക്കാർക്ക് ഏറെ ആവേശം പകരുന്നു.
Discussion about this post