ഇസ്‌ലാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങിനെതിരെ വംശീയ വിദ്വേഷം നിറഞ്ഞ പരാമർശം നടത്തിയതിന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ മാപ്പ് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ ടി20 ലോകകപ്പ് മത്സരത്തിനിടെ ആയിരുന്നു ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെതിരെ കമ്രാൻ അക്മൽ വംശീയ പരാമർശം നടത്തിയത്. സിഖ് മതവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഈ പരാമർശത്തിനെതിരെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
കമ്രാൻ അക്മലിന്റെ പരാമർശത്തിനെതിരെ ഹർഭജൻ സിംഗ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തെ തുടർന്നാണ് പാക് താരം മാപ്പ് പറഞ്ഞത്. ഹർഭജൻ്റെ ശക്തമായ പ്രതികരണത്തിന് കാരണമായ സിഖുകാരെക്കുറിച്ചുള്ള തൻ്റെ അഭിപ്രായങ്ങളിൽ താൻ “യഥാർത്ഥത്തിൽ ഖേദിക്കുന്നു” എന്ന് കമ്രാൻ അക്മൽ തന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു.
“എൻ്റെ വാക്കുകൾ അനുചിതവും അനാദരവുള്ളതുമായിരുന്നു. യഥാർത്ഥത്തിൽ സിക്ക് സമൂഹത്തെ ഞാൻ ആദരവോടെ തന്നെയാണ് കാണുന്നത്. ഹർഭജൻ സിങ്ങിനോടും സിഖ് സമൂഹത്തോടും ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ ശരിക്കും ഖേദിക്കുന്നു” എന്നാണ് കമ്രാൻ അക്മൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.
Discussion about this post