എറണാകുളം : ശബരിമല ദർശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പെൺകുട്ടിയുടെ ഹർജി. ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി അപേക്ഷിച്ചപ്പോൾ 10 വയസ്സ് കഴിഞ്ഞതിനാൽ അപേക്ഷ തള്ളി എന്ന് കാണിച്ചാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പെൺകുട്ടിയുടെ ഹാർജി ഹൈക്കോടതി തള്ളി.
കർണാടക സ്വദേശിനിയായ പെൺകുട്ടിയാണ് ശബരിമല ദർശനത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 10 വയസ്സിന് മുൻപായി ദർശനം നടത്തണമെന്ന് കരുതിയിരുന്നെങ്കിലും കോവിഡും മറ്റു കാരണങ്ങളും മൂലം ശബരിമലയിൽ എത്താൻ സാധിച്ചില്ല എന്നാണ് പെൺകുട്ടി ഹർജിയിൽ വ്യക്തമാക്കുന്നത്. തുടർന്ന് കഴിഞ്ഞവർഷം ഓൺലൈൻ വഴി അപേക്ഷിച്ചപ്പോൾ 10 വയസ്സ് കഴിഞ്ഞതിനാൽ അപേക്ഷ തള്ളുകയായിരുന്നു എന്നും പെൺകുട്ടിയുടെ ഹർജിയിൽ സൂചിപ്പിക്കുന്നു.
മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിന് അനുമതി വേണമെന്നായിരുന്നു പെൺകുട്ടിയുടെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. തനിക്ക് ഇതുവരെ ആർത്തവം ആയിട്ടില്ലാത്തതിനാൽ ദർശനം നടത്താൻ അനുവദിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.
ശബരിമലയിലെ യുവതി പ്രവേശനം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയം ആയതിനാൽ തങ്ങൾക്ക് ഇടപെടാൻ ആകില്ലെന്ന് കാണിച്ചാണ് കേരള ഹൈക്കോടതി പെൺകുട്ടിയുടെ ഹർജി തള്ളിയത്.
Discussion about this post