സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്. എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് മാധ്യമങ്ങളോട് ഹൈക്കമാന്‍ഡിന്റെ നിലപാട് വ്യക്തമാക്കിയത്.
നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഗൗരവമായി കാണുന്നുവെന്നും വിഷയം കോണ്‍ഗ്രസ് സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്നും ഇതിനുശേഷം ഹൈമാന്‍ഡിന് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും സുര്‍ജേവാല പറഞ്ഞു. നിയമപരമായി നേരിടേണ്ടതിനെ അങ്ങിനെ നേരിടും. ഉമ്മന്‍ചാണ്ടി തെറ്റു ചെയ്തിട്ടില്ല. ആരോപണങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി പറഞ്ഞിട്ടുള്ളതാണ്.
ദേശീയ മാധ്യമങ്ങളില്‍ അടക്കം അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വന്നു. നിയമനടപടികള്‍ നടക്കുകയാണ്. ജുഡീഷ്യല്‍ കമ്മീഷന്റെ തീരുമാനം എന്തു തന്നെയായാലും അത് അംഗീകരിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേ സമയം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും എ.ഐ.സി.സി പ്രതിനിധി ദീപക് ബാബ്‌റിയയുമായി കൂടിക്കാഴ്ച നടത്തി. തലയോലപ്പറമ്പില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
Discussion about this post