ന്യൂഡൽഹി :സൗജന്യമായി ആധാർ കാർഡ് വിശദാംശങ്ങൾ പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. സെപ്റ്റംബർ 14 വരെയാണ് ഫീസ് ഇല്ലാതെ ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടിയിരിക്കുന്നത്. മൈ ആധാർ പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.
ആദ്യം നീട്ടിയ സമയപരിധി ജൂൺ 14 വരെ ആയിരുന്നു. ഇതിനോടകം തന്നെ പലതവണ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ സമയം നല്‍കിയിരുന്നു. ഇപ്പോള്‍ മൂന്ന് മാസത്തേക്ക് കൂടി വീണ്ടും നീട്ടിയിരിക്കുകയാണ്. സെപ്തംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.
ആധാർ എടുത്തിട്ട് 10 വർഷം കഴിഞ്ഞെങ്കിൽ നിർബന്ധമായും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.പേര് വിലാസം ജനന തീയതി മറ്റു വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി യു ഐ ഡി ഐ വെബ്സൈറ്റിൽ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ പോകണം.








