പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടയിൽ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. വാഹനം ഓടിച്ചിരുന്ന അലൻ എന്ന 19 വയസ്സുകാരനാണ് പിടിയിലായത്. പട്ടാമ്പിയിൽ നിന്നും ആണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ ആയത്. പട്ടാമ്പിയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്നു അലൻ. പ്രതിസഞ്ചരിച്ചിരുന്ന കാറിന്റെ റൂട്ടുകൾ ട്രാക്ക് ചെയ്താണ് പോലീസ് പട്ടാമ്പിയിൽ നിന്നും ഇയാളെ പിടികൂടിയത്.
പാലക്കാട് തൃത്താലയിൽ രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ വാഹനം ഓടിച്ചിരുന്ന യുവാക്കളുടെ കാർ പോലീസ് തടയുകയായിരുന്നു. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്ന യുവാക്കൾ വാഹനം നിർത്താതെ എസ്ഐയെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഉടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കൃത്യം നടക്കുന്ന സമയത്ത് പ്രതി അലനോടൊപ്പം ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അജീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.








