വയനാട്: രാഹുൽ ഗാന്ധി സ്ഥാനം ഒഴിയുന്ന വയനാട്ടിൽ പകരക്കാരനായി മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സതസ്തയ്ക്ക് പിന്നാലെ സമാന ആവശ്യവുമായി കാന്തപുരം വിഭാഗവും രംഗത്ത് എത്തി. മുസ്ലീം ഭൂരിപക്ഷ മണ്ഡലമാണ് വയനാട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം സ്ഥാനാർത്ഥി വേണമെന്ന സംഘടനകളുടെ ആവശ്യം.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ മകനും എസൈ്വഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കാന്തപുരം ഹക്കീം അസ്ഹരിയാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ മണ്ഡലത്തിൽ മത്സരിച്ച മുസ്ലീം സ്ഥാനാർത്ഥികൾ എല്ലാം വൻ വിജയം നേടിയതായി ഹക്കീം പറഞ്ഞു. 2019 ൽ ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയായി ആദ്യം നിശ്ചയിച്ചിരുന്നു. എന്നാൽ ഇതിനിടയിലേക്ക് രാഹുൽ ഗാന്ധി വരികയായിരുന്നു. എന്നാൽ ഈ തീരുമാനം ജനങ്ങൾ അംഗീകരിക്കുകയും ചെയ്തു.
എന്നാൽ അന്നുണ്ടായ സാഹചര്യം അല്ല ഇപ്പോൾ ഉള്ളത്. പാർലമെന്റിൽ മുസ്ലീങ്ങളുടെ എണ്ണം കുറവാണ്. അതിനാൽ മുസ്ലീം സ്ഥാനാർത്ഥിയെ വയനാട്ടിൽ പരിഗണിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ മുഖ പത്രമായ സുപ്രഭാത്തിലൂടെ ആയിരുന്നു സമസ്ത വയനാട്ടിൽ മുസ്ലീം സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഒരു പാർട്ടിയും മുസ്ലീം സമുദായത്തിന് കാര്യമായ പരിഗണന നൽകുന്നില്ല. ലോക്‌സഭയിലെ മുസ്ലീം പ്രാതിനിധ്യം അപകടത്തിലാണെന്നും കോൺഗ്രസ് ഇത് തിരുത്തണം എന്നും സമസ്ത മുഖപത്രത്തിൽ പറഞ്ഞിരുന്നു.
Discussion about this post