കാൻബെറ : വിദേശ പഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സുവർണാവസരമാണ് ഇപ്പോൾ ഓസ്ട്രേലിയ നൽകുന്നത്. 60 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് സൗകര്യത്തോടെ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയാണ് ഓസ്ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റി. വൈസ് ചാൻസിലേഴ്‌സ് മെറിറ്റോറിയസ് സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് ആണ് ഡീക്കിന്‍ യൂണിവേഴ്‌സിറ്റി അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ള അർഹരായ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കുന്നതാണ്.
60 ലക്ഷം രൂപ വീതമുള്ള 10 സ്കോളർഷിപ്പ് പ്രോഗ്രാമുകളാണ് ഡീക്കിൻ യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്. യൂണിവേഴ്സിറ്റിയുടെ തന്നെ ചെയ്ഞ്ചിങ് ലൈവ്സ് എന്ന പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ സ്കോളർഷിപ്പ്. ഡീക്കിൻ യൂണിവേഴ്സിറ്റിയുടെ വിക്ടോറിയയിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പസിൽ ആണ് ബിരുദ,ബിരുദാനന്തര പഠനങ്ങൾക്കുള്ള സ്കോളർഷിപ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലാവർഷവും ഇന്ത്യൻ വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പ് പ്രോഗ്രാമുകളിൽ മുന്നിട്ടു നിൽക്കുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികളോടുള്ള പ്രത്യേക താൽപര്യപ്രകാരം ന്യൂഡൽഹിയിലുള്ള ഡീക്കിൻ സൗത്ത് ഏഷ്യ ഓഫീസിൽ വച്ച് നടക്കുന്ന സെലക്ഷൻ മികവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുക. 10 സ്കോളർഷിപ്പുകളിൽ ഒന്ന് കായികരംഗത്തെ മികവിന് അടിസ്ഥാനമാക്കിയാണ് നൽകുന്നത്. ബിരുദ കോഴ്സിനും ബിരുദാനന്തര കോഴ്സിനും ആവശ്യമായ യോഗ്യതകളും യൂണിവേഴ്സിറ്റി അറിയിച്ചു.
ബിരുദ കോഴ്സിനുള്ള യോഗ്യതകൾ,
ഇന്ത്യയിൽ താമസിക്കുന്നവർ ആയിരിക്കണം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
സർവകലാശാല നിർദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നേടിയിട്ടുള്ളവർ ആയിരിക്കണം.
പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിരിക്കണം.
ബിരുദാനന്തര കോഴ്സിനുള്ള യോഗ്യതകൾ,
ഇന്ത്യയിൽ താമസമാക്കിയ വിദ്യാർത്ഥി ആയിരിക്കണം.
ഹയർ സെക്കൻഡറി പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്ക് ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ഭാഷയിൽ മികവുണ്ടായിരിക്കണം. എടുക്കാൻ ഉദ്ദേശിക്കുന്ന കോഴ്സിലും മികവ് പരിശോധിക്കുന്നത് ആയിരിക്കും.
പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിരിക്കണം.







