ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിലും റായ്ബറേലി സീറ്റിലും ജയിച്ചതിത്‌ന് പിന്നാലെ രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഗാർഗേയുടെ വസതിയിൽ ഇന്ന് വൈകീട്ട് നിർണായ യോഗം ചേരുന്നു. സോണിയാ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കെസി വേണുഗോപാൽ ഖാർഗെയുടെ വസതിയിൽ എത്തിയിട്ടുണ്ട്.
വയനാട് മണ്ഡലം രാഹുൽ ഒഴിയുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ സുചന നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെയും രാഹുൽ പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ വയനാട്ടിലെത്തിയിരുന്നു. ഏത് മണ്ഡലം നിലനിർണമെന്ന കാര്യത്തിൽ താൻ ആശയക്കുഴപ്പത്തിലാണെന്നായിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്. ഏത് മണ്ഡലം വേണമെന്ന് താൻ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഏറെ ധർമസങ്കടത്തിലാണ്. ഏത് മണ്ഡലം ഒഴിഞ്ഞാലും താൻ വയനാട്ടിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൂന്നര ലക്ഷത്തോളം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചത്. റായ്ബറേലിയിലും മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം രാഹുലിനുണ്ടായിരുന്നു. വയനാട് ഒഴിഞ്ഞാൽ പ്രിയങ്ക വാദ്ര മത്സരിക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് നേതാക്കളുടെ ഇടയിൽ നിന്നും ഉയർന്നിരിക്കുന്നത്. അതേസമയം, കെ മുരളീധരന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.








