കൊല്ലം : കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ച സംഭവം ആത്മഹത്യ ആകാൻ സാധ്യതയെന്ന് പോലീസ്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു കൊല്ലത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചത്. മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു എന്ന അമ്പത്തിയെട്ട് വയസ്സുകാരനാണ് മരിച്ചത്.
പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനകളും തെളിവുകളും അടിസ്ഥാനമാക്കിയാണ് മരിച്ച ആളെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം നടന്നത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപത്ത് വച്ചാണ് കാറിന് തീപിടിച്ചിരുന്നത്. കാർ ഏറെ നേരമായ റോഡിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു എന്നാണ് പ്രദേശത്ത് നിന്നും ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്.
പോലീസും ഫോറൻസികും നടത്തിയ പ്രാഥമിക പരിശോധനയിൽ ജൈനു ദേഹത്തും കാറിനുള്ളിലുമായി പെട്രോൾ ഒഴിച്ച് കത്തിച്ചതായിരിക്കാം എന്നാണ് ലഭിച്ചിരിക്കുന്ന സൂചന. കാർ പൂർണമായും കത്തി നശിച്ചതിനാൽ കൂടുതൽ ശാസ്ത്രീയമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. മരിച്ച ജൈനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Discussion about this post