ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റ് നിലനിര്‍ത്തി വയനാട്ടില്‍ പ്രിയങ്ക വാദ്രയെ മത്സരിപ്പിക്കുന്ന കോൺഗ്രസിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു ബിജെപി. കോൺഗ്രസിന്റേത് കുടുംബ രാഷ്ട്രീയമാണ്. കുടുംബ ബിസിനസ് ആണ് അവര്‍ നടത്തുന്നത്. കോൺഗ്രസ് ഒരു പാർട്ടി അല്ലെന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല കുറ്റപ്പെടുത്തി.
‘കോൺഗ്രസ് ഒരു പാർട്ടിയല്ല. ഒരു കുടുംബ ബിസിനസാണ്. ഇത് ഇന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അമ്മ രാജ്യസഭയിലേക്കും മകൻ രാഹുല്‍ ഗാന്ധി ഒരു സീറ്റിൽ നിന്നും പ്രിയങ്ക വാദ്ര മറ്റൊരു സീറ്റിൽ നിന്നും ലോക്‌സഭാ അംഗമായിരിക്കുന്നു. ഇങ്ങനെ
കുടുംബത്തിലെ മൂന്ന് അംഗങ്ങളും ഇനി പാർലമെൻ്റിൽ ഉണ്ടാകും. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയില്‍ റായ്ബറേലിയിൽ രാഹുൽ ഗാന്ധി വിജയിച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അവിടെ രണ്ടാം തവണയും വിജയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിനറിയാം’ – ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. റായ്ബറേലി തിരഞ്ഞെടുത്തതിലൂടെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും പൂനവല്ല വിമര്‍ശിച്ചു.
ഇത്രയേറെ അവരെ അവസാനിച്ചിട്ടും രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ച വയനാട്ടിലെ ജനങ്ങളെ അദ്ദേഹം വഞ്ചിച്ചുവെന്ന് ബിജെപി നേതാവ് നളിൻ കോഹ്‌ലിയും വിമര്‍ശനം ഉന്നയിച്ചു. താൻ മറ്റൊരു സീറ്റിൽ മത്സരിക്കുമെന്നും വയനാട് വിടുമെന്നും അദ്ദേഹം വയനാട്ടിലെ ജനങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. അവരുടെ അവസ്ഥ എന്താണെന്ന് ഒരിക്കലെങ്കിലും കോൺഗ്രസ് ഓര്‍ത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സ്വന്തം കുടുംബത്തിലെ ഓരോരുത്തരെയായി ഉളുപ്പില്ലാതെ വയനാട്ടിലെ വോട്ടർമാരിൽ അടിച്ചേൽപ്പിക്കുന്നത്, നാണമില്ലായ്മയാണ് എന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. മറ്റൊരു മണ്ഡലത്തിൽ നിന്ന് കൂടി താൻ മത്സരിക്കുമെന്ന കാര്യം മറച്ചുവച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത്. രാഹുൽ ഗാന്ധിക്കു കീഴിൽ കോൺഗ്രസ് മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണവും ഇത്തരം വഞ്ചനകളാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
Discussion about this post