തൃശ്ശൂർ : 27കാരനായ മകൻ അമ്മയെ വെട്ടിക്കൊന്നു. തൃശൂർ മാളയിലാണ് സംഭവം. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ (52) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൊല നടത്തിയ മകൻ 27 വയസ്സുകാരനായ ഹാദിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബ വഴക്കിനെ തുടർന്നാണ് ഹാദിൽ അമ്മയെ വെട്ടി കൊലപ്പെടുത്തിയത് എന്നാണ് പോലീസ് നൽകുന്ന സൂചന. ഹാദിൽ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. ഞായറാഴ്ച രാവിലെ ഹാദിലും ശൈലജയും തമ്മിൽ വഴക്കുണ്ടാവുകയും പ്രതി അമ്മയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയ ഷൈലജയെ അയൽവാസികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഉടൻതന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹാദിൽ മാനസികാസ്വാസ്ഥ്യമുള്ള ആളാണോ എന്നതിനെക്കുറിച്ചും സംഭവത്തെക്കുറിച്ചും കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post