തിരുവനന്തപുരം : സിപിഎം നേതാവും എംഎൽഎയും ആയ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച വൈകിട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് ഒ ആർ കേളു അധികാരം ഏറ്റെടുത്തത്. പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ആണ് കേളു പിണറായി സർക്കാരിലേക്ക് എത്തുന്നത്.
ആലത്തൂർ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ രാജിവച്ച മന്ത്രിസ്ഥാനത്തേക്ക് ആണ് ഒ ആർ കേളു എത്തുന്നത്. വയനാട്ടിൽ നിന്നുമുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് കേളു. വയനാട്ടിലെ മാനന്തവാടിയിൽ നിന്നുമാണ് അദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. വനവാസി വിഭാഗത്തിൽ നിന്നും സിപിഎം ആദ്യമായി മന്ത്രിസ്ഥാനം നൽകുന്ന നേതാവ് കൂടിയാണ് അദ്ദേഹം.
വയനാട്ടിൽ തുടർച്ചയായി 10 വർഷം പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ഒ ആർ കേളു. സിപിഎമ്മിലെ ആദ്യ വനവാസി മന്ത്രി ആണെങ്കിലും കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നൽകിയിട്ടില്ല. പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മാത്രമാണ് അദ്ദേഹം കൈകാര്യം ചെയ്യുക. കെ രാധാകൃഷ്ണന്റെ മറ്റു വകുപ്പുകൾ ആയിരുന്ന ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യം എം ബി രാജേഷും കൈകാര്യം ചെയ്യണം എന്നാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.
Discussion about this post