ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകരൻ കൊല്ലപ്പെട്ടതിൻ്റെ ഒന്നാം വാർഷികത്തിൽ കനേഡിയൻ പാർലമെൻ്റ് ഒരു മിനിറ്റ് മൗനം ആചരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി വിഭാഗങ്ങൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് കാനഡ ഇപ്പോഴും ബോധവാന്മാരല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
1985ലെ കനിഷ്ക ഫ്ലൈറ്റ് ബോംബ് സ്ഫോടനം ഖാലിസ്ഥാനി ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് എസ് ജയശങ്കർ കാനഡയെ ഓർമിപ്പിച്ചു. 1985-ൽ എയർ ഇന്ത്യ വിമാനം 182-ന് നേരെയുണ്ടായ മാരകമായ ബോംബാക്രമണം എന്താണ് ഖാലിസ്ഥാനികൾ എന്ന് കാണിച്ചു തരുന്നതാണ്. യുഎസിൽ അൽ-ക്വയ്ദ നടത്തിയ 9/11 ഭീകരാക്രമണത്തിന് മുൻപ് ചരിത്രത്തിലെ ഏറ്റവും മോശമായ വ്യോമയാന ആക്രമണമായിരുന്നു കനിഷ്ക ബോംബ് സ്ഫോടനം.
270-ലധികം കനേഡിയൻ പൗരന്മാരും 24 ഇന്ത്യക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണമായിരുന്നു കനിഷ്ക ഫ്ലൈറ്റ് ബോംബ് സ്ഫോടനം. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായി ഇപ്പോഴും ഈ വ്യോമയോന സ്ഫോടനം തുടരുകയാണെന്നും ജയശങ്കർ വ്യക്തമാക്കി. കനിഷ്ക ഫ്ലൈറ്റ് സ്ഫോടനത്തിന്റെ 39-ാം വാർഷികത്തോടനുബന്ധിച്ച് എക്സിൽ എഴുതിയ കുറിപ്പിലാണ് എസ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്. ഭീകരത ഒരിക്കലും വെച്ചുപൊറുപ്പിക്കരുത് എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ വാർഷികം എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
Discussion about this post