ന്യൂഡൽഹി : ട്രെയിൻ യാത്രയ്ക്കിടെ മലപ്പുറം പൊന്നാനി സ്വദേശിയായ യാത്രക്കാരൻ മരിച്ചത് ബർത്ത് തകർന്നു വീണതുകൊണ്ടാണ് എന്നുള്ളത് വ്യാജ പ്രചാരണം ആണെന്ന് ഇന്ത്യൻ റെയിൽവേ. മിഡിൽ ബർത്തിൽ ഉണ്ടായിരുന്ന യാത്രക്കാരന് പറ്റിയ തെറ്റാണ് പൊന്നാനി സ്വദേശിയുടെ മരണത്തിന് കാരണമായതെന്നും റെയിൽവേ അറിയിച്ചു. മിഡിൽ ബർത്തിലെ യാത്രക്കാരൻ ചങ്ങല ശരിയായി ഇട്ട് ബർത്ത് ലോക്ക് ചെയ്യാതിരുന്നതാണ് അത് താഴെയുള്ള യാത്രക്കാരന്റെ ദേഹത്തേക്ക് മറിയാൻ കാരണമായത് എന്നും റെയിൽവേ വ്യക്തമാക്കി.
മലപ്പുറം മാറഞ്ചേരി വടമുക്ക് അലി ഖാൻ ആണ് ബർത്ത് ദേഹത്ത് വീണ് പരിക്കേറ്റത് മൂലം മരിച്ചിരുന്നത്. അപകടമുണ്ടായി വൈകാതെ തന്നെ നിസാമുദ്ദീൻ സ്റ്റേഷനിൽ വച്ച് ട്രെയിനിന്റെ സീറ്റ് റെയിൽവേ അധികൃതർ വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ ബർത്തിനോ സീറ്റിനോ യാതൊരു കുഴപ്പവുമില്ല എന്ന് കണ്ടെത്തി. എസ് 6 കോച്ചിൽ താഴത്തെ ബെർത്തിലെ 57ാം നമ്പർ സീറ്റിലായിരുന്നു അലി ഖാൻ. മിഡിൽ ബെർത്തിലെ യാത്രക്കാരൻ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് തേർഡ് എസി കോച്ചിലേക്ക് മാറുകയായിരുന്നു. എന്നാൽ ഇയാൾ മിഡിൽ ബർത്തിന്റെ ചങ്ങല ശരിയായി ഇടാതിരുന്നതാണ് അത് അലിഖാന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴാൻ കാരണമായതെന്ന് റെയിൽവേ വ്യക്തമാക്കുന്നു.
Discussion about this post