തിരുവനന്തപുരം:രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ലെന്ന് വ്യക്തമാക്കി കെ എസ് ആർ ടി സി.രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ സ്ത്രീകളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്സ് ബസുകളിൽ ഈ നിർദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇത് ദീർഘദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഇത്തരം സർവീസുകൾ നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ നിർത്തുന്നതല്ലെന്നും കെ എസ് ആർ ടി സി കമ്മീഷനെ അറിയിച്ചു. പാലക്കാട് -വാളയാർ റൂട്ടിൽ പതിനാലാംകല്ലിൽ ബസുകൾ നിർത്താറില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ട റിപോർട്ടിലാണ് കെ എസ് ആർ ടി സി നിലപാട് അറിയിച്ചത്. വാളയാർപാലക്കാട് റൂട്ടിൽ രാത്രികാലങ്ങളിൽ ഓർഡിനറി ബസ് സർവീസുകൾ ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
Discussion about this post