ആലപ്പുഴ : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുറിച്ച് നടത്തിയ പ്രസ്താവനകളെ തള്ളി മുൻ മന്ത്രി ജി സുധാകരൻ. അഭിപ്രായങ്ങൾ ആരോടും മുഖം നോക്കാതെ തുറന്നുപറയുന്ന ശീലമുള്ള ആളാണ് വെള്ളാപ്പള്ളി. പാർട്ടിയെ പല നിർണായ ഘട്ടങ്ങളിലും സഹായിച്ചിട്ടുള്ളത് വെള്ളാപ്പള്ളി ആണെന്നും ജി സുധാകരൻ വ്യക്തമാക്കി.
50 വർഷമായി വെള്ളാപ്പള്ളിയെ നേരിട്ടറിയാം. പാർട്ടി നിലപാടുകളിലെ ശുദ്ധതയെ കുറിച്ച് അദ്ദേഹത്തിന് സംശയം ഉണ്ടെങ്കിൽ സംസാരിച്ചു തീർക്കുകയാണ് വേണ്ടത്. സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ. നമ്മൾ ഒരു കാര്യം പറഞ്ഞാൽ തള്ളുന്ന ആളല്ല അദ്ദേഹം. അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട കാര്യമില്ല. എല്ലാവരെയും പറ്റി പറയുന്ന ആളാണ് അദ്ദേഹം എന്നും ജി സുധാകരൻ വ്യക്തമാക്കി.
ഇന്നലെ ആലപ്പുഴയിൽ നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും എംവി ഗോവിന്ദനെ തള്ളുന്ന അഭിപ്രായങ്ങളാണ് ഉയർന്നുവന്നിരുന്നത്. ആലപ്പുഴയിൽ വെള്ളാപ്പള്ളിയുടെ നിലപാട് കാരണമാണ് വോട്ട് ചോർന്നത് എങ്കിൽ അദ്ദേഹത്തിന് സ്വാധീനമില്ലാത്ത മലബാറിൽ എങ്ങനെയാണ് വോട്ട് ചോർന്നത് എച്ച് സലാം എംഎൽഎ ചോദ്യമുന്നയിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ളവരും വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.







