കണ്ണൂർ : സ്വർണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന വിവരം പുറത്തായതിനെ തുടർന്ന് കണ്ണൂരിൽ സെൻട്രൽ ബ്രാഞ്ച് അംഗത്തെ സിപിഎം പുറത്താക്കി. കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗമായ സജേഷിനെയാണ് പുറത്താക്കിയത്. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം കൂടിയായിരുന്നു സജേഷ്.
സ്വർണ്ണക്കടത്ത് നേതാവ് അർജുൻ ആയങ്കി അടക്കമുള്ളവരോടൊപ്പം സജേഷ് പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പയ്യന്നൂർ കാനായിൽ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനൊപ്പം വീട് വളഞ്ഞ സംഭവത്തിലും സജേഷ് ഉണ്ടായിരുന്നു. ഇവർ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാരാണ് പാർട്ടിയിൽ വിവരമറിയിക്കുന്നത്. തുടർന്ന് സിപിഎം സജേഷിനെ പുറത്താക്കുകയായിരുന്നു.








