ന്യൂഡൽഹി : സാമൂഹ്യപ്രവർത്തക മേധാ പട്കറിനെതിരെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ വിധി പറഞ്ഞ് കോടതി. മേധാ പട്കറിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതായി ഡൽഹി സാകേത് കോടതി വ്യക്തമാക്കി. അഞ്ചുമാസത്തെ തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും ആണ് കോടതി മേധാ പട്കറിന് ശിക്ഷ വിധിച്ചിട്ടുള്ളത്.
പൊതുജനങ്ങൾക്ക് മുൻപിൽ തന്നെ അപകീർത്തിപ്പെടുക എന്ന ഉദ്ദേശത്തോടെ പത്രക്കുറിപ്പ് ഇറക്കി എന്ന് കാണിച്ചാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന മേധാ പട്കറിനെതിരെ കേസ് നൽകിയിരുന്നത്. കോടതിയുടെ ഉത്തരവിനെതിരെ ആവശ്യമെങ്കിൽ അപ്പീൽ പോകുന്നതിനായി ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 389(3) പ്രകാരമുള്ള ആനുകൂല്യം സാകേത് കോടതി മേധാ പട്കറിന് നൽകിയിട്ടുണ്ട്. ഇത് പ്രകാരം ശിക്ഷ നടപ്പാക്കുന്നതിനുള്ള സമയം ഓഗസ്റ്റ് ഒന്ന് വരെ കോടതി നീട്ടി നൽകിയിട്ടുണ്ട്.
താൻ ആരെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല എന്നും തന്റെ ജോലി മാത്രമാണ് ചെയ്തത് എന്നും കോടതിവിധിയിൽ മേധാ പട്കർ പ്രതികരിച്ചു. സത്യത്തെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല. അതിനാൽ കോടതിവിധിയെ ചോദ്യം ചെയ്യും എന്നും മേധാ പട്കർ വ്യക്തമാക്കി.
Discussion about this post