കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ ഏരിയ സെക്രട്ടറി. കഴിഞ്ഞദിവസം ഗുരുദേവ കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എസ്എഫ്ഐ നേതാവിനെ മർദ്ദിച്ച അധ്യാപകൻ ഇനി രണ്ടുകാലിൽ കോളേജിൽ കയറില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യാനുള്ള കഴിവും എസ്എഫ്ഐക്ക് ഉണ്ട് എന്നായിരുന്നു എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി നവതേജിന്റെ ഭീഷണി.
എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു നവതേജ് കോളേജ് പ്രിൻസിപ്പലിനെതിരെ ഭീഷണി പ്രസംഗം നടത്തിയത്. പ്രിൻസിപ്പലിനെ കോളേജ് ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ല. ഈ അധ്യാപകരെ എല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എസ്എഫ്ഐക്ക് അറിയാം. എന്നാൽ ഇപ്പോൾ സംയമനം പാലിക്കുകയാണ്. അതുകൊണ്ട് പ്രിൻസിപ്പലിനെ അടിച്ചു ആശുപത്രിയിൽ ആക്കാൻ തീരുമാനമെടുത്തിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ അതും ചെയ്തേനെ എന്നും നവതേജ് പ്രസംഗത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊയിലാണ്ടി ഗുരുദേവ കോളേജിൽ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചിരുന്നത്. കോളേജ് പ്രിൻസിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കർ, അധ്യാപകനായ കെ പി രമേശൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി ആർ അഭിനവിനെ പ്രിൻസിപ്പൽ മർദ്ദിച്ചതായി എസ്എഫ്ഐയും ആരോപണമുയർത്തിയിട്ടുണ്ട്. ഇരു കൂട്ടരുടെയും പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








