തിരുവനന്തപുരം : മധുരപ്രിയർക്കായി മിൽമയുടെ പുത്തൻ വിഭവം വിപണിയിലെത്തുന്നു. ദീർഘകാലം ഉപയോഗിക്കാനാവുന്ന രീതിയിൽ മിൽമയുടെ നേതൃത്വത്തിൽ തയ്യാറാക്കി വിൽപ്പന നടത്തുന്ന പാലട പായസം ആണ് വിപണിയിലെ പുതിയ അതിഥി. 12 മാസം വരെ കേടുകൂടാതിരിക്കുന്ന പാലട പായസമാണ് മിൽമ വിപണിയിൽ എത്തിക്കുന്നത്. മൈക്രോവേവ് അസിസ്റ്റഡ് തെർമൽ സ്റ്ററിലൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസ്സപ്റ്റിക് രീതിയിലാണ് ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഈ പാലട പായസം മിൽമ തയ്യാറാക്കുന്നത്. പ്രവാസികളെയും കയറ്റുമതിയും ലക്ഷ്യം വച്ചാണ് ഇത്തരത്തിൽ ഒരു പുതിയ ഉൽപ്പന്നം മിൽമ പുറത്തിറക്കിയിരിക്കുന്നത്.
ആന്ധ്രപ്രദേശിലെ ടാറ്റയുടെ അത്യാധുനിക എംടിഎസ് സ്മാർട്ട്സ് ഫുഡ് പ്ലാന്റിൽ ആണ് മിൽമയുടെ ഈ പാലട പായസം തയ്യാറാക്കുന്നത്. 400 ഗ്രാമിന്റെ പാക്കറ്റുകളിൽ ആയിട്ടായിരിക്കും പായസം വിപണിയിൽ എത്തുക. 150 രൂപ ആയിരിക്കും വില. യാതൊരുവിധ രാസപദാർത്ഥങ്ങളോ പ്രിസർവേറ്റീവുകളോ ചേർക്കാതെയാണ് ഈ ഉൽപ്പന്നം പുറത്തിറക്കുന്നതെന്ന് കമ്പനി അറിയിച്ചു.
എംടിഎസ് സാങ്കേതികവിദ്യ വഴി പാക്ക് ചെയ്യുന്നതിലൂടെ ഉൽപ്പന്നത്തിന്റെ രുചി, മണം, ഗുണമേന്മ എന്നിവയിൽ യാതൊരു മാറ്റവും വരാതെ ഒരു വർഷത്തോളം കേട് കൂടാതെ ഇരിക്കും എന്ന് മിൽമ വ്യക്തമാക്കുന്നു. പാലട പായസത്തിന് പുറമേ ഐസ്ക്രീമുകളിലെ പുതിയ തരംഗമായ ഇളനീർ ഐസ്ക്രീമും മിൽമ ഉടൻ തന്നെ വിപണിയിൽ ഇറക്കുന്നതാണ്.








