ന്യൂഡൽഹി :മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നേരത്തെ അദ്വാനിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഏറെ നാളുകളായി പ്രായത്തിന്റെ അവശതകളെ തുടർന്ന് സ്വന്തം വസതിയിൽ വിശ്രമത്തിലാണ് എൽ കെ അദ്വാനി.
1927 നവംബർ 8ന് വിഭജനപൂർവ്വ ഭാരതത്തിലെ കറാച്ചിയിലായിരുന്നു ലാൽ കൃഷ്ണ അദ്വാനിയുടെ ജനനം. 1942ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗമായി. 1986-90, 1993-98, 2004-2005 കാലഘട്ടങ്ങളിൽ ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്നു. ഏറ്റവും കൂടുതൽ കാലം പാർട്ടി ദേശീയ അദ്ധ്യക്ഷ പദവി വഹിച്ച നേതാവാണ് അദ്ദേഹം.
മൂന്ന് ദശാബ്ദക്കാലത്തെ പാർലമെന്ററി പ്രവർത്തന കാലയളവിന്റെ ഭാഗമായി 1999-2004 കാലഘട്ടത്തിലെ അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ആദ്യം ആഭ്യന്തര മന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായി. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്നു. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റപ്പോൾ പാർട്ടി അദ്വാനിയെ മാർഗനിർദേശക് മണ്ഡൽ അദ്ധ്യക്ഷനായി നിയോഗിച്ചു. അദ്വാനിക്ക് ഈ വർഷം രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന നൽകി ആദരിച്ചിരുന്നു.
Discussion about this post