തൃശൂർ: നാഗപട്ടണം വലിയ പള്ളി മുതൽ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്യൂട്ടിന് നിർദേശം വച്ചതായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ടൂറിസം സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് കിട്ടിയാൽ ഇത് സംബന്ധിച്ചുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മെട്രോ കൊയമ്പത്തൂരിലേയ്ക്ക് നീട്ടുമെന്നല്ല, അതിനായി ശ്രമിക്കുമെന്നാണ് പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഗപട്ടണം, വേളാങ്കണ്ണി, ഡിണ്ടിഗൽ, മംഗളാദേവി, മലയാറ്റൂർ പള്ളി, ഭരണങ്ങാനത്തെ അൽഫോൻസാമ്മ കബറിടം, കാലടി, കൊടുങ്ങല്ലൂർ വഴി തൃശൂർ ലൂർദ് പള്ളിയിലേക്ക് എത്തും വിധമുള്ള സ്പിരിച്വൽ ടൂറിസം സർക്യൂട്ട് ആണ് മനസിലുള്ളത്. ഇതിൽ കൊച്ചിയിലെ ജൂതപ്പള്ളി കൂടി ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കും. ബന്ധപ്പെട്ട അധികൃതരോട് ഇത് സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാൻ പറഞ്ഞിട്ടുണ്ട്. പദ്ധതികളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കരുതെന്നാണ് കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുള്ള നിർദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന് തനതായ ടൂറിസം പദ്ധതികളാണ് വേണ്ടത്. അവയെല്ലാം ഹരിത പദ്ധതികളായിരിക്കണം. ഒരാൾ മാത്രം വിചാരിച്ചാൽ, നാടിന്റെ വികസനത്തിന് ആവശ്യമായ നിക്ഷേപമിറക്കാൻ സാധിക്കില്ല. അതിനായി വരുന്നവരെ തടസപ്പെടുത്തരുതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
Discussion about this post